Kissan Radio

വിനോദസഞ്ചാര മേഖലയില്‍ പരസ്പര സഹകരണത്തിന് അബുദാബി-കേരളം ധാരണ

വിനോദസഞ്ചാര മേഖലയില്‍ പരസ്പര സഹകരണത്തിന് അബുദാബി-കേരളം ധാരണ

അബുദാബി: വിനോദ സഞ്ചാര മേഖലയില്‍  സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ അബുദാബിയും കേരളവും തമ്മില്‍ ധാരണ. യുഎഇ സന്ദര്‍ശനത്തിന്റെ ഭാഗമായി ടൂറിസം മന്ത്രി പി എ  മുഹമ്മദ് റിയാസ്  അബുദാബി ടൂറിസം സാംസ്‌കാരിക ചെയര്‍മാന്‍ മുഹമ്മദ് ഖലീഫ അല്‍ മുബാറക്കുമായി അബുദാബിയില്‍ നടത്തിയ കൂട്ടിക്കാഴ്ചയിലാണ് തീരുമാനം. ഇത് സംബന്ധിച്ച ധാരണ പത്രത്തില്‍ ഉടന്‍ ഒപ്പ് വെക്കാനും യോഗത്തില്‍ തീരുമാനമായി.

ആഗോള വിനോദസഞ്ചാര മേഖലയില്‍ കേരളത്തിന്റെ പ്രാധാന്യം സംബന്ധിച്ച് മന്ത്രിമുഹമ്മദ് റിയാസ്  മുഹമ്മദ് ഖലീഫയെ ധരിപ്പിച്ചു.  ഈ മേഖലയിലെ നിക്ഷേപ സാഹചര്യങ്ങളെകുറിച്ചും മന്ത്രി വിശദീകരിച്ചു. അബുദാബി സര്‍ക്കാര്‍ കമ്പനിയും അടിസ്ഥാന സൗകര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഗള്‍ഫിലെതന്നെ ഏറ്റവും വലിയ കമ്പനികളിലൊന്നായ അല്‍ദാറുമായി സഹകരിച്ച്  കേരളത്തിലെ വിനോദ സഞ്ചാര മേഖലയില്‍  നിക്ഷേപ സാധ്യതകളെപ്പറ്റി  കൂടുതല്‍ ചര്‍ച്ചകള്‍ നടത്താന്‍ സന്നദ്ധമാണെന്നും അല്‍ദാര്‍ കമ്പനിയുടെ ചെയര്‍മാന്‍ കൂടിയായ മുഹമ്മദ് ഖലീഫ അല്‍ മുബാറക്  അറിയിച്ചു. ഇതിന്റെ ഭാഗമായുള്ള തുടര്‍ ചര്‍ച്ചകള്‍ക്കായി വരുന്ന മേയില്‍ അബുദാബി വിനോദ സഞ്ചാര  ഉന്നതതല സംഘം കേരളത്തില്‍ എത്തുമെന്നും അദ്ദേഹം മന്ത്രിയെ അറിയിച്ചു.

അബുദാബിയുമായുള്ള സഹകരണം കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയില്‍  കൂടുതല്‍ ഉണര്‍വുണ്ടാക്കുമെന്നു മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.  സഹകരണം യാഥാര്‍ഥ്യമാവുന്നതോടെ കൂടുതല്‍ സഞ്ചാരികളെ യു.എ.ഇ.യില്‍ നിന്ന്,  പ്രത്യേകിച്ച് അബുദാബിയില്‍ നിന്ന്  പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. മെയ് ആദ്യവാരം കൊച്ചിയില്‍ നടക്കുന്ന കേരള ട്രാവല്‍ മാര്‍ട്ടില്‍ അതിഥിയായി പങ്കെടുക്കാന്‍ മന്ത്രി അബുദാബി ടൂറിസം ചെയര്‍മാനെ ക്ഷണിച്ചു. സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് ഡയറക്ടര്‍ വി ആര്‍ കൃഷ്ണ തേജ, അബുദാബി ചേംബര്‍ വൈസ് ചെയര്‍മാന്‍ എം എ. യൂസഫലി എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *