Kissan Radio

കാസര്‍കോട് ആറുമാസത്തിനകം അത്യാധുനിക ലാബ്: ആരോഗ്യമന്ത്രി

കാസര്‍കോട് ആറുമാസത്തിനകം അത്യാധുനിക ലാബ്: ആരോഗ്യമന്ത്രി

കാസര്‍കോട്: കാസര്‍കോട് അത്യാധുനിക സംവിധാനത്തോടു കൂടിയുള്ള ഇന്റഗ്രേറ്റഡ് പബ്ലിക് ലാബ് ആറു മാസത്തിനകം സജ്ജമാകുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക താത്പര്യമെടുത്ത് കാസര്‍കോട് 1.25 കോടി മുടക്കി ലാബിനാവശ്യമായ രണ്ട് നില കെട്ടിടം നിര്‍മ്മിച്ചിരുന്നു. ഈ ലാബ് ഇന്റഗ്രേറ്റഡ് പബ്ലിക് ലാബ് ആയി ഉയര്‍ത്തുന്നതിന് കേന്ദ്ര സര്‍ക്കാര്‍ 1.25 കോടി രൂപ അനുവദിച്ചു. ഈ തുക ഉപയോഗിച്ച് ലാബിനാവശ്യമായ ഫര്‍ണിച്ചറുകളും പരിശോധനാ സാമഗ്രികളും സജ്ജമാക്കുന്നതാണ്. ലബോറട്ടറി സൗകര്യം കുറഞ്ഞ കാസര്‍കോട് പുതിയ പബ്ലിക് ഹെല്‍ത്ത് ലാബ് വരുന്നത് ജനങ്ങള്‍ക്ക് ഏറെ സഹായകരമാകുമെന്നും വീണാ ജോര്‍ജ് പറഞ്ഞു.

കേന്ദ്ര സഹായത്താല്‍ 2026 ഓടെ എല്ലാ ജില്ലകളിലും ഇന്റഗ്രേറ്റഡ് പബ്ലിക് ലാബ് സജ്ജമാക്കാനുള്ള ശ്രമത്തിലാണ്. നിലവിലെ പബ്ലിക് ഹെല്‍ത്ത് ലാബുകള്‍ അത്യാധുനിക സൗകര്യങ്ങളോടെ നവീകരിക്കും. പബ്ലിക് ഹെല്‍ത്ത് ലാബില്ലാത്ത ജില്ലകളില്‍ പുതുതായി ലാബുകള്‍ സ്ഥാപിക്കുന്നതാണ്. പകര്‍ച്ച വ്യാധികള്‍, പകര്‍ച്ചേതര വ്യാധികള്‍, ഹോര്‍മോണ്‍ പരിശോധന, കോവിഡ് പരിശോധന തുടങ്ങിയവയെല്ലാം ഈ ലാബില്‍ ചെയ്യാന്‍ സാധിക്കും. പത്തോളജി, മൈക്രോബയോളജി, വൈറോളജി പരിശോധനകള്‍ ഈ ലാബിലൂടെ സാധ്യമാകുന്നതാണ്.

പൊതുജനങ്ങള്‍ക്ക് ഏറെ പ്രയോജനകരമാണ് പബ്ലിക് ഹെല്‍ത്ത് ലാബുകള്‍. ഒപി, ഐപി ബാധകമല്ലാതെ ഡോക്ടറുടെ കുറിപ്പടിയോട് കൂടി ഏതൊരാള്‍ക്കും പബ്ലിക് ഹെല്‍ത്ത് ലാബിന്റെ സേവനം ലഭ്യമാണ്. ബിപിഎല്‍ വിഭാഗക്കാര്‍ക്ക് എല്ലാവിധ പരിശോധനകളും സൗജന്യമായാണ് ചെയ്ത് കൊടുക്കുന്നത്. എപിഎല്‍ വിഭാഗക്കാര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള നിശ്ചിത ഫീസ് മാത്രമേ ഈടാക്കുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *