Kissan Radio

പൂര്‍ണ ആരോഗ്യവാന്‍; വാവ സുരേഷ് നാളെ ആശുപത്രി വിടും

പൂര്‍ണ ആരോഗ്യവാന്‍; വാവ സുരേഷ് നാളെ ആശുപത്രി വിടും

കോട്ടയം: കരിമൂര്‍ഖന്റെ കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന വാവ സുരേഷ് നാളെ ആശുപത്രി വിടും. ആരോഗ്യനിലയില്‍ നല്ല പുരോഗതിയുണ്ടെന്നും തീവ്രപരിചരണ വിഭാഗത്തിനു സമീപത്തെ മുറിയില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ് സുരേഷ്. നേരിയ പനി ഒഴിച്ചാല്‍ കാര്യമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാര്‍ പറഞ്ഞു.  തിങ്കളാഴ്ചയോടെ ആശുപത്രി വിടാന്‍ കഴിഞ്ഞേക്കുമെന്നും ഡോക്ടര്‍ പറഞ്ഞു.

 

കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മികച്ച ചികിത്സയും പരിചരണവും ആണ് ലഭിച്ചത്. ഇവിടത്തെ ഡോക്ടര്‍മാരുടെ ശ്രമഫലമായിട്ടാണ് ജീവിതത്തിലേക്ക് തിരിച്ചുവന്നതെന്ന് സുരേഷ് പറഞ്ഞു. മന്ത്രി വിഎന്‍ വാസവനും ജോബ് മൈക്കിള്‍ എംഎല്‍എയും ഇന്നലെ ആശുപത്രിയിലെത്തി സുരേഷുമായി സംസാരിച്ചു.

ഇനി പാമ്പുകളെ പിടിക്കുന്നത് മുന്‍കരുതല്‍ എടുത്ത ശേഷം മാത്രമെന്നു വാവ സുരേഷ് പറഞ്ഞു. കരിമൂര്‍ഖനാണു കടിച്ചത്. പല തവണ പാമ്പു കടിച്ചിട്ടുണ്ടെങ്കിലും ഇത്തവണ കൂടുതല്‍ വിഷം കയറിയതായി തോന്നിയിരുന്നു. കണ്ണിന്റെ കാഴ്ച മറയുന്നതും ഓര്‍മയുണ്ട്. ജീവന്‍ തിരിച്ചുകിട്ടുമോ എന്ന് അപ്പോള്‍ ഭയം തോന്നിയിരുന്നുതായും  ചികിത്സയില്‍ കഴിയുന്ന വാവ സുരേഷ് പറഞ്ഞു. പാമ്പിനെ വളത്തിന്റെ ചാക്കിനുള്ളിലാണ് കയറ്റാന്‍ നോക്കിയത്. അപ്പോഴാണ് കടിയേറ്റതെന്നും സുരേഷ് പറഞ്ഞു.

വാവ സുരേഷിന് നല്‍കിയത് 65 കുപ്പി ആന്റി സ്‌നേക് വെനം നല്‍കിയതായി ഡോക്ടര്‍മാര്‍ പറഞ്ഞു. പാമ്പു കടിയേറ്റ് എത്തുന്ന ആള്‍ക്ക് കോട്ടയം മെഡിക്കല്‍ കോളജില്‍ ആദ്യമായാണ് ഇത്രയും ആന്റിവെനം നല്‍കുന്നത്. മൂര്‍ഖന്റെ കടിയേറ്റാല്‍ പരമാവധി 25 കുപ്പിയാണു നല്‍കാറുള്ളത്. പതിവനുസരിച്ച് നല്‍കിയിട്ടും സുരേഷിന്റെ ആരോഗ്യനിലയില്‍ പുരോഗതി കാണാതിരുന്ന സാഹചര്യത്തിലാണ് മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് കൂടുതല്‍ ഡോസ് നല്‍കാന്‍ തീരുമാനിച്ചത്. ശരീരത്തില്‍ പാമ്പിന്റെ വിഷം കൂടുതല്‍ പ്രവേശിച്ചതു മൂലമാണ് ഇത്രയധികം മരുന്നു നല്‍കേണ്ടി വന്നതെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *