Kissan Radio

23,652 പേര്‍ക്ക് കോവിഡ് നഷ്ടപരിഹാരം നല്‍കിയതായി കേരളം സുപ്രീംകോടതിയില്‍

23,652 പേര്‍ക്ക് കോവിഡ് നഷ്ടപരിഹാരം നല്‍കിയതായി കേരളം സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: അപേക്ഷിച്ചവരില്‍ 80ശതമാനത്തില്‍ അധികം പേര്‍ക്കും കോവിഡ് നഷ്ടപരിഹാരം നല്‍കിയതായി കേരളം സുപ്രീംകോടതിയില്‍. കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നല്‍കുന്ന അരലക്ഷം രൂപയുടെ നഷ്ടപരിഹാരം സംബന്ധിച്ച് ജനങ്ങളെ അറിയിക്കാന്‍ വിപുലമായ രീതിയില്‍ പ്രചാരണം നടത്തിയതായും കേരളം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച തല്‍സ്ഥിതി റിപ്പോര്‍ട്ടില്‍ പറയുന്നു.

കോവിഡ് നഷ്ടപരിഹാരത്തിന്റെ കാര്യത്തില്‍ കേരളത്തിന്റെ അവസ്ഥ പരിതാപകരമാണെന്ന് ഡിസംബറില്‍ സുപ്രീംകോടതി വിമര്‍ശിച്ചിരുന്നു. ജസ്റ്റിസ് എം ആര്‍ ഷായുടെ അധ്യക്ഷതയിലുള്ള ബഞ്ചാണ് വിഷയം പരിഗണിച്ചത്. ഉടന്‍ തന്നെ നഷ്ടപരിഹാരം നല്‍കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും ഇക്കാര്യം കോടതിയെ അറിയിക്കാനും നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സമര്‍പ്പിച്ച തല്‍സ്ഥിതി റിപ്പോര്‍ട്ടിലാണ് അപേക്ഷിച്ചവരില്‍ 80 ശതമാനത്തില്‍ അധികം പേര്‍ക്കും കോവിഡ് നഷ്ടപരിഹാരം നല്‍കിയതായി കേരളം അറിയിച്ചത്.

ജനുവരി 10 വരെയുള്ള കണക്കനുസരിച്ച് 49,300 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതുവരെ കോവിഡ് നഷ്ടപരിഹാരത്തിനായി 27,274 അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍ ജനുവരി അഞ്ചുവരെയുള്ള അപേക്ഷകളില്‍ തീര്‍പ്പ് കല്‍പ്പിച്ചു. 23,652 പേര്‍ക്ക് നഷ്ടപരിഹാരം നല്‍കിയതായി സംസ്ഥാനം കോടതിയെ അറിയിച്ചു. ഫലത്തില്‍ അപേക്ഷിച്ചവരില്‍ 80ശതമാനത്തിലധികം പേര്‍ക്കും നഷ്ടപരിഹാരം ലഭിച്ചു. 178 പേരുടെ അപേക്ഷകള്‍ നിരസിച്ചതായും 891 പേരുടെ അപേക്ഷകള്‍ മടക്കിയതായും തല്‍സ്ഥിതി റിപ്പോര്‍ട്ടില്‍ പറയുന്നു. കൃത്യമായ രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടാണ് ഈ അപേക്ഷകള്‍ മടക്കിയത്.2000ല്‍പ്പരം അപേക്ഷകളില്‍ ഉടന്‍ തീരുമാനമെടുക്കുമെന്നും സംസ്ഥാനം കോടതിയെ അറിയിച്ചു.

കോവിഡ് നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ഇടയില്‍ വ്യാപകമായി പ്രചാരണം നടത്തണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. ഗുജറാത്ത് മാതൃകയില്‍ സമൂഹമാധ്യമങ്ങളിലും പത്രങ്ങളിലുമടക്കം നഷ്ടപരിഹാരം സംബന്ധിച്ച് പ്രചാരണം നടത്തണമെന്നാണ് കോടതി പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തില്‍ സമൂഹമാധ്യമങ്ങളിലടക്കം പ്രചാരണം നടത്തിയതായും ജില്ലാ കലക്ടറുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജ് അടക്കം ഉപയോഗിച്ച് കൂടുതല്‍ പ്രചാരണം നടത്താന്‍ നിര്‍ദേശിച്ചതായും സംസ്ഥാനം കോടതിയെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *