Kissan Radio

വനം വകുപ്പ് ജീവനക്കാരുടെ കായികക്ഷമത ഉയര്‍ത്താന്‍ വിവിധ പദ്ധതികള്‍ ആവിഷ്‌ക്കരിക്കും : മന്ത്രി എ.കെ.ശശീന്ദ്രന്‍

വനം വകുപ്പ് ജീവനക്കാരുടെ കായികക്ഷമത ഉയര്‍ത്താന്‍ വിവിധ പദ്ധതികള്‍ ആവിഷ്‌ക്കരിക്കും : മന്ത്രി എ.കെ.ശശീന്ദ്രന്‍

വനം വകുപ്പ് ജീവനക്കാരുടെ കായിക ക്ഷമത ഉയര്‍ത്തുന്നതിനായി വിവിധ കായിക പദ്ധതികള്‍ ആവിഷ്‌ക്കരിക്കുമെന്ന് വനം-വന്യജീവി വകുപ്പു മന്ത്രി എ.കെ.ശശീന്ദ്രന്‍. ഇതിന്റെ ഭാഗമായി വനം വകുപ്പിന്റെ കീഴിലുള്ള അരിപ്പ, വാളയാര്‍ പരിശീലന കേന്ദ്രങ്ങളില്‍ ഏകദേശം 40 കോടി രൂപ ചിലവില്‍ വിവിധ കായിക പദ്ധതികള്‍ നടപ്പാക്കി വരുകയാണെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് സംസ്ഥാന വനം കായിക മേള ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വനം വകുപ്പ് ഉദ്യോഗസ്ഥരുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ക്ക് ആക്കം കൂട്ടുകയാണ്. ഇതിന് സഹായകമാകുന്ന ഏറെ പദ്ധതികളാണ് ആവിഷ്‌ക്കരിച്ചു വരുന്നത്. വാളയാറില്‍ ഇതിനോടകം ഇന്‍ഡോര്‍ കോര്‍ട്ട് പൂര്‍ത്തിയാക്കി കഴിഞ്ഞു. അരിപ്പയില്‍ സ്വിമ്മിംഗ് പൂള്‍, ഫുട്ബോള്‍ ഗ്രൗണ്ട്, സിന്തറ്റിക് ട്രാക്ക്, ഇന്‍ഡോര്‍ കോര്‍ട്ടുകള്‍ എന്നിവയു ടെ നിര്‍മാണവും പുരോഗമിക്കുന്നു.പൂര്‍ത്തിയാക്കാനുദ്ദേശിക്കുന്ന മറ്റു പദ്ധതികള്‍ക്കുള്ള വിശദമായ പഠന റിപ്പോര്‍ട്ട് തയാറാക്കി കഴിഞ്ഞു. ജൈക്ക ഉള്‍പ്പെടെയുള്ള വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തിയാണ് ഇതു പൂര്‍ത്തിയാക്കാനു ദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
വകുപ്പിലേയ്ക്ക് പുതുതായി 500-ഓളം ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരെ കൂട്ടിച്ചേര്‍ക്കുന്നുണ്ട്. ആദിവാസി വിഭാഗത്തില്‍ നിന്നുമാണ് ഇവരെ റിക്രൂട്ട് ചെയ്യുന്നത്. ഇവര്‍ കൂടി എത്തുന്നതോടെ വകുപ്പിന്റെ കായിക ശേഷി കൂടുതല്‍ ഉയരത്തിലെത്തും. ദേശീയ മേളകളിലുള്‍പ്പെടെ കേരളത്തിന്റെ യശസ്സുയര്‍ത്തുന്നതിന് വകുപ്പിന് കൂടുതല്‍ പങ്കു വഹിക്കാനാകും.
സംസ്ഥാനത്ത് സ്പോര്‍ട്സ് ക്വാട്ട കളില്‍ എടുക്കുന്ന കായിക താരങ്ങളെ വിവിധ വകുപ്പുകളില്‍ നിയമിക്കുന്നുണ്ട്. വനം വകുപ്പില്‍ ഇത്തരത്തില്‍ കൂടുതല്‍ കായിക താരങ്ങളെ നല്‍കിയാല്‍ അവര്‍ക്ക് കൂടുതല്‍ പരിശീലനത്തിന് അവസരമൊരുങ്ങും. അതിനായി വനം വകുപ്പിന് സ്പോര്‍ട്സ് ക്വാട്ടാ വര്‍ധിപ്പിച്ച് നല്‍കുന്നതിന് സര്‍ക്കാരില്‍ നിര്‍ദേശം വയ്ക്കുമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ അധ്യക്ഷനായിരുന്ന ഗതാഗതവകുപ്പ് മന്ത്രി അഡ്വ. ആന്റണി രാജു ഗെയിംസ് പതാക ഉയര്‍ത്തി. ചടങ്ങില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസ്, പിസിസിഎഫ്മാരായ ഗംഗാ സിംഗ്, നോയല്‍ തോമസ്, എപിസിസിഎഫ് ഇ.പ്രദീപ്കുമാര്‍, രാജേഷ് രവീന്ദ്രന്‍ , ഡോ.പി.പുകഴേന്തി, കൗണ്‍സിലര്‍ പാളയം രാജന്‍, സംഘാടക സമിതി ജനറല്‍ കൗണ്‍വീനറായ സിസിഎഫ് സഞ്ജയന്‍ കുമാര്‍, വനം വകുപ്പിലെ വിവിധ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കൂടുതല്‍ ഉയരത്തില്‍, കൂടുതല്‍ ദൂരത്തില്‍ എന്ന ആപ്തവാക്യവുമായാണ് ഇക്കുറി 27-ാമത് വനം കായിക മേള നടന്നത്. മേളയില്‍ 10 വേദികളിലായി 16 മത്സര ഇനങ്ങളില്‍ 1200 കായികതാരങ്ങള്‍ മത്സരിക്കാനെത്തിയിരുന്നു. വനം വകുപ്പിന്റെ അഞ്ച് സര്‍ക്കിളുകള്‍ക്കു പുറമേ , കെ എഫ് ഡി സി, കെ എഫ് ആര്‍ ഐ, ഫോറസ്റ്റ് സെക്രട്ടേറിയറ്റ് എന്നീ മേഖലകളിലുള്ള കായികതാരങ്ങളാണ് മേളയില്‍ പങ്കെടുത്തത്. സെക്രട്ടേറിയറ്റ് ഫോറസ്റ്റ് വിഭാഗം ആദ്യമായി വനം കായിക മേളയില്‍ പങ്കെടുത്തുവെന്നതും ശ്രദ്ധേയമാണ്.
വിവിധ വേദികളിലായി തിരുവനന്തപുരത്ത് നടന്നു വരുന്ന കായിക മേള ഇന്ന് വൈകുന്നേരം നാലി യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ നടക്കുന്ന സമാപന സമ്മേളനത്തോടെ അവസാനിക്കും. മുഖ്യവനം മേധാവി പി.കെ.കേശവന്റെ അധ്യക്ഷതയില്‍ നടക്കുന്ന സമ്മേളനം ഗതാഗത വകുപ്പു മന്ത്രി അഡ്വ. ആന്റണി രാജു ഉദ്ഘാടനം ചെയ്യും. വനം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേഷ് കുമാര്‍ സിന്‍ഹ, കൗണ്‍സിലര്‍മാരായ പാളയം രാജന്‍, അഡ്വ.രാഖി രവികുമാര്‍ എന്നിവര്‍ ആശംസയര്‍പ്പിക്കും. എപിസിസിഎഫ് ഡോ.പി.പുകഴേന്തി സ്വാഗതവും സംഘാടക സമിതി ജനറല്‍ കൗണ്‍വീനര്‍ സഞ്ജയന്‍ കുമാര്‍ കൃതജ്ഞതയുമര്‍പ്പിക്കും. വനം വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *